Thursday, 26 October 2017

പൂക്കാത്ത കണികൊന്നകൾ


ഒരു നവവധുവിന്റെ ലാഘവത്തൊടെ അവൾ വലതുകാൽ വെച്ച് ആ പടികൾ കയറി അടഞ്ഞു കിടന്നിരുന്ന ആ വാതിലുകൾ തുറക്കാൻ അവൾക്ക് അൽപം ബലം പ്രയോഗിക്കേണ്ടി വന്നു.
കണ്ണിൽ വീണ പൊടിപടലങ്ങൾ അവളുടെ കണ്ണുകളെ നീരുറവയാക്കി ...
ചിലന്തികൾ ഇരപിടിക്കാനായി നെയ്ത ആ ചതിയുടെ വലകൾ വകഞ്ഞു മാറ്റിയവൾ അകത്തേക്ക് കടന്നു..
മൂകമായിരുന്ന ആ വലിയ വീട്ടിൽ ഇറിച്ചിലുകളുടെ ചിറകടി ശബ്ദം ഉയർന്നു മച്ചിന്റെ വിടവിലൂടെ അകത്തേക്ക് എത്തിയ സൂര്യപ്രകാശം അവൾക്ക് വിളക്കായി മാറി...
മനസ്സും കണ്ണും ഒരുപോലെ ലയിച്ചപ്പോൾ ആ ഇരുണ്ട മുറി അവൾക്ക് കാണമെന്നായി... അവൾ എന്തെന്നില്ലാതെ എന്തൊക്കെയൊ തിരഞ്ഞു നടന്നു... പുറത്തു നിന്ന് നോക്കുന്നവർക്ക് അതൊരു പ്രേതലയമാണ്...
കാടും പടലവും പിടിച്ചു കിടക്കുന്ന മുറ്റം ഉഗ്രവിഷമുള്ള പാമ്പുകളുടെ ആവാസസ്ഥലമായി മാറി... ഇരുട്ടായി കഴിഞ്ഞാൽ അതു വഴിയുള്ള യാത്ര പോലും വിരളം..യക്ഷി കഥകൾക്ക് ഒരു പഞ്ഞവും ഇല്ലാത്ത നാട്.. അത് പോലൊരു ചുറ്റുപാടിൽ ആരും വിശ്വസിച്ചു പോകും യക്ഷിയെ കണ്ടവരുണ്ടെന്നും അവകാശപെടുന്നവർ ധാരളം. അത് കൊണ്ട് പകൽ പോലും അത് വഴിയുള്ള സഞ്ചാരങ്ങൾ കുറവാണ് വളരെ നികൂടതകൾ നിറഞ്ഞൊരു വീട്.

കരിയിലകൾ ഞെരിയുന്ന ശബ്ദം കേട്ടവൾ പരിഭ്രമിച്ചു ചുറ്റും നോക്കി നിൽക്കേ പുറകിൽ നിന്നും ഒരു കൈ അവളുടെ തോളിൽ പതിഞ്ഞു.
ഒരു ഞെട്ടലോടെ അവൾ തിരിഞ്ഞു നോക്കി..

എന്താ ഇഷ്ട്മായോ?
നമ്മുടെ പുതിയ വീട്.... ഉം ഒരുപാട്....

അവന്റെ മാറിൽ തല ചാഞ്ഞ് അവൾ പറഞ്ഞു...

നമ്മൾ രണ്ടു പേരല്ലെ ഉള്ളു... എന്തിന ഇത്ര വലിയ വീട് ഈ വീട്ടിൽ നമ്മൾ തനിച്ചയാത്പ്പോലെ ആകില്ലെ.. ഈ മുറ്റത്ത് ഓടി കളിക്കാൻ ഒരു കുട്ടി കുറുമ്പനെപ്പോലും നമുക്ക് ദൈവം തന്നില്ലല്ലോ... ദൈവം എന്ത് ക്രൂരതയാ നമ്മളോട് കാണിക്കുന്നത് .അതിനു മാത്രം എന്ത് തെറ്റാണ് നമ്മൾ ചെയ്തത്.
അവളെ ആശ്വസിപ്പിച്ചു കൊണ്ടവൻ തന്റെ മാറോടമർത്തി. അവളുടെ മുടിയിഴകൾ തഴുകി കൊണ്ടവൻ പറഞ്ഞു .... ''ദൈവം വലിയവനാണ്..
'ഈ മുറ്റം നിറയെ ഓടി കളിക്കാൻ നമുക്ക് ഒരു പാട് കുരുന്നുകളെ തരും... കണ്ണുനീർ തുടച്ച് കൊണ്ടവൻ പറഞ്ഞു.

ഇരുവരും കൈകോർത്ത് മുറ്റത്തേക്ക് ഇറങ്ങി..

ഏട്ടാ... നമുക്ക് ഇവിടം ഒക്കെ ഒന്ന് വൃത്തിയാക്കേണ്ടേ....

ഉം.... നാളെ തന്നെ ഏർപ്പാടാക്കാം

നി ആ കുഞ്ഞു വീട് കണ്ടോ... അതായിരുന്നു ഈ വിനയചന്ദ്രന്റെ ആദ്യത്തെ കൊട്ടാരം എന്റെ അച്ഛനും അമ്മയുമായി സന്തോഷത്തോടെ കഴിഞ്ഞിരുന്ന വീട്....

" ആ കുഞ്ഞു വീടോ... അവൾ അത്ഭുതത്തോടെ ചോദിച്ചു...

"അതെ "..

വർഷങ്ങൾക്കു മുൻപ് ഞങ്ങളുടെ തറവാടായ ഈ വീട്ടിൽ നിന്നും വീട്ടുകാരുടെ എതിർപ്പിനെ വകവെയ്കാതെ വിവാഹിതരായ അച്ഛനെയും അമ്മയേയും പടിക്കു പുറത്താക്കി... അച്ഛന്റെ അമ്മയുടെ പേരിലായിരുന്ന ഈ സ്ഥലം അച്ഛന്റെ പേരിലേക്ക് നേരത്തേ തന്നെ എഴുതിയിരുന്നതിനാൽ അച്ഛനും അമ്മയ്ക്കും കയറി കിടക്കാനൊരു വീടായി തറവാടിനൊട് ചേർന്നുള്ള ഈ പത്തായപ്പുര... പിന്നീട് വർഷങ്ങൾ കഴിഞ്ഞാണ് മുത്തച്ഛനു അച്ഛനോടുള്ള വിദ്വേഷം മാറിയത്.. അതും അദ്ദേഹത്തിന്റെ മരണശയ്യയിൽ വെച്ച്

മരിക്കാൻ നേരം അദ്ദേഹം മാപ്പപേക്ഷിക്കുന്ന വിധം അച്ഛനെ നോക്കി . അച്ഛൻ നിറകണ്ണുകളോടെ അദ്ദേഹത്തിന്റെ കാൽ തൊട്ടു വന്ദിച്ചു. ആ കാഴ്ച കുഞ്ഞായിരുന്ന എന്റെ കണ്ണുകളെപ്പോലും ഈറനണിയിച്ചു..
എന്തോ ഒരു ചൈതന്യം ആ മുറി വിട്ട് പോകുന്നതായി എനിക്ക് തോന്നി... അമ്മയുടെ ഉറക്കേയുള്ള നിലവിളിയാണ് പിന്നെ ഞാൻ കേട്ടത്

തലയ്ക്ക് ഭാഗത്ത് നിലവിളക്കുo ചന്ദന തിരികളും കത്തിച്ച് വെള്ളത്തുണിയും വിരിച്ച് മുത്തച്ഛനെ കിടത്തിയത് ഞാനോർക്കുന്നു.... ഈ കാണുന്ന കണികൊന്നകൾ എല്ലാം മുത്തച്ഛൻ നട്ടതാണ്... അച്ഛനോടുള്ള ദേഷ്യത്തിന്. മകനെ സ്നേഹിക്കുന്നതിനെക്കാൾ നല്ലത് ഈ മരങ്ങളെ സ്നേഹിക്കുന്നതാണെന്ന് അദ്ദേഹത്തിനു തോന്നി...
'

എന്നും ദു:ഖങ്ങൾ മാത്രം നൽകിയിരുന്ന മകനേക്കാളും പൂത്തുലഞ്ഞു നിൽക്കുന്ന കൊന്ന പൂക്കൾ കാണാൻ അദേഹം ആഗ്രഹിച്ചു മകനേക്കാൾ ഏറെ സ്നേഹത്തോടെ അദ്ദേഹം അവയെ സ്നേഹിച്ചു.

''പൂത്തുലഞ്ഞു നിൽക്കുന്ന കണികൊന്നകൾ ഐശ്വര്യത്തിന്റെ പ്രതീകമായിരുന്നു.''

മുത്തച്ഛന്റെ മരണശേഷം ബിസിനസ്സ് കാര്യങ്ങൾ ഒക്കെ അച്ഛൻ ഏറ്റെടുത്ത് നടത്തി... എന്നെ വിദേശത്ത് അയച്ച് പഠിപ്പിച്ചു.
അങ്ങനെ പൂത്തുലഞ്ഞു നിൽക്കുന്ന കണികൊന്ന പൂക്കൾപ്പോലെ മനോഹരമായി തീർന്നു ഞങ്ങളുടെ ജീവിതവും...

ആ പൂക്കളുടെ ആയുസ്സു പോലെ തന്നെ ആയിരുന്നു ഞങ്ങളുടെ സന്തോഷവും...അധികം വൈകാതെ തന്നെ അച്ഛന്റെ ബിസിനസ്സുകളെല്ലാം തകർന്നു. കടം കൊണ്ടു നിൽക്കാൻ പറ്റാത്ത അവസ്ഥയായി... ഞാൻ ഇതൊന്നും അറിയാതെ അവിടെ ...

അച്ഛനും അമ്മയും മുണ്ടുമുറുക്കി ഉണ്ടുത്ത് എന്നെ പഠിപ്പിച്ചു വലിയ ആളാക്കി...
പഠനം പൂർത്തിയാക്കി തിരികേ വന്ന ഞാൻ ആകേ തളർന്നു പോയി.. എല്ലാം നഷ്ട്ടപ്പെട്ട ആ വയോധികൻ എന്നെ കണ്ടപ്പോൾ യുദ്ധം ജയിച്ചു വന്ന ധീര യോദാവിനെപ്പോലെ എന്നെ സ്വാഗതം ചെയ്തു ...കീരീടവും ചെങ്കോലും നഷ്ട്ടമായ ആ രാജവിനെ ഞാൻ കാൽതൊട്ട് വന്ദിച്ചു എന്നെ അനുഗ്രഹിച്ചു കൊണ്ടദ്ദേഹം പിടിച്ചുയർത്തി.'

പിന്നീടുള്ള ഞങ്ങളുടെ ജീവിതം വാടക വീട്ടിലായിരുന്നു..

അധികം വൈകാതെ തന്നെ ഞങ്ങളുടെ കുടുമ്പമെന്ന കണിക്കൊന്നമരത്തിൽ പിന്നെയും പൂത്തു ഒരായിരം കണികൊന്നകൾ.

വൈകാതെ പിന്നെയുo ആ കുലകളിൽ നിന്നും പൂക്കൾ പൊഴിഞ്ഞു.. എന്റെ അച്ഛനും അമ്മയും എന്നെ തനിച്ചാക്കി യാത്രയായി.
അനാഥനായി തീർന്ന ഞാൻ അങ്ങനെ ഇവിടം വിട്ട് തിരികേ പറന്നു..

.'' പിന്നീടുള്ള കാര്യങ്ങളെല്ലാം ഒരു ഓർമ്മക്കുറിപ്പ് പ്പോലെ അവൻ അയവിറക്കി''

'ആൾക്കുട്ടത്തിനു നടുവിൽ കണ്ട ആമുഖം അന്നവന്റെ ഉറക്കം നഷ്ട്ടപ്പെടുത്തി.''

യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ട്ടപെടുന്ന വിനയൻ ഒരു യാത്രയിൽ വെച്ചാണ് ഇന്നവന്റെ ഉറക്കം നഷ്ട്ടപെടുത്തുന്ന ആ മുഖം അവൻ കാണാനിടയായത്.

വശ്യമനോഹരമായ കണ്ണുകൾ ,ആരേയും കൊതിപ്പിക്കാൻ ത്രാണിയുള്ള കാർക്കുന്തൽ, നിലാവിൻ ശോഭയുള്ള മുഖത്ത് വിരിയുന്ന പാൽ പുഞ്ചിരി.. സ്ത്രിത്വത്തിന്റെ ചേതോഹരത്ത്വം മുഴുവൻ ആ വിശ്വശിൽപ്പി അവളിൽ ഇണക്കിചേർത്തിരിക്കുന്നു..

''അതേ അവൾ സുന്ദരിയാണ് ''

അവൻ മനസ്സിൽ മന്ദ്രിച്ചു.

ആരായിരിക്കാം ആ വിശ്വസുന്ദരി.. അവന്റെ മനസ്സു ഒരു കാന്തിക വലയത്തിൽ അകപ്പെട്ടപ്പോലെ അവളിലേക്ക് അടുക്കാൻ തുടങ്ങി.. അവളെ സ്വന്തമാക്കാൻ അവൻ ആഗ്രഹിച്ചു.അവനെ ഉറക്കം കീഴ്പ്പെടുത്തിയത് അവൻ അറിഞ്ഞില്ല...

പതിവിനു വിപരീതമായി അന്നവൻ നേരം ഒരു പാട് വൈകിയാണ് ഉണർന്നത്.
അവൻ ധൃതിയിൽ ഓഫീസിലേക്ക് പോകാൻ തയ്യാറായി ..

വഴിയിൽ ഒരു കാർ ആക്സിഡന്റിൽപ്പെട്ടു കിടക്കുന്നത് അവന്റെ ശ്രദ്ധയിൽപ്പെട്ടു.ആരും തിരഞ്ഞ് നോക്കാൻ തയ്യാറാകാതെ ഒരു പാവം മനുഷ്യൻ ആ കാറിനുള്ളിൽ മരണത്തോട് മല്ലീടുന്നു.

അത്മാവ് ശരീരത്തെ വെടിയുന്ന ആ ദൃശ്യം പകർത്താനായി ഒരുപാട് ആളുകൾ ചുറ്റും കൂടി.ആരും തന്നെ അദ്ദേഹത്തെ രക്ഷിക്കാൻ മുതിർന്നില്ല..

അദ്ദേഹത്തെ കോരിയെടുത്ത് അവൻ അതിവേഗം ആശ്ചപത്രിയിലാക്കി.. മരണത്തോട് മല്ലിടുന്ന അദ്ദേഹത്തിനു തേരാളിയായി ഡോക്ടർമാരും പടയാളികളായി നഴ്സുമാരും കൂടി ഒടുവിൽ അദ്ദേഹം ആ യുദ്ധത്തിൽ വിജയം വരിച്ചു.

തന്റെ ജിവൻ രക്ഷിച്ച ആ യുവാവിന്റെ മുഖത്തേക്ക് നോക്കി നന്ദി സൂചകമായി കണ്ണുനീർ പൊഴിച്ചു.

അവന്റെ കഥകളറിഞ്ഞ അദ്ദേഹം ഒരു മകനെപ്പോലെ അവനെ സ്നേഹിച്ചു.. അദ്ദേഹത്തിന്റെ ജീവനായ മകളെയും സമ്മാനിച്ചുകൊണ്ടദ്ദേഹം പിന്നെയും പിന്നെയും സ്നേഹം കൊണ്ടവനെ തോൽപ്പിച്ചു കൊണ്ടെയിരുന്നു..

സ്വപ്ന സാക്ഷാത്കാരം എന്നതുപ്പോലെ തന്നെ ആയിരുന്നു അത്. അവന്റെ ഉറക്കം നഷ്ട്ടപ്പെടുത്തിയ ആ സുന്ദരി കുട്ടി തന്നെ ആയിരുന്നു അവന്റെ ഇണയായി തീർന്നത് ...

'സീത'

പഠിച്ചതും വളർന്നതും വിദേശത്തായിരുന്നെങ്കിലും അവളുടെ മനസ്സ് ഒരു നാട്ടിൻ പുറത്തു കാരിയുടെതായിരുന്നു മലയാളത്തെയും ഗ്രാമീണതയേയും അവൾ ഒരുപാട് സ്നേഹിച്ചിരുന്നു.

ഗ്രാമത്തിന്റെ ആ പച്ചപ്പും, വയൽ വരമ്പുകളും തോടുകളും തോപ്പുകളും പുലരുമ്പോഴുള്ള കിളികളുടെ കളകളനാദവും കേൾക്കാനായി അവൾ വെമ്പൽ കൊണ്ടു.ഉയരമുള്ള മരത്തിൽ കൂടുക്കുട്ടുന്ന
പക്ഷികളുടെ രാജാവിനെ പോലെ താനും ഇന്ന് കോൺക്രീറ്റാൽ നിർമ്മിതമായ ഒരു വൻ വൃക്ഷത്തിന്റെ ശിഖിരത്തലുള്ളക്കുട്ടിലാണ് താമസിക്കുന്നത്.

രാത്രിയുടെ കണ്ണുനീർത്തുള്ളികളിൽ കുളിച്ച് സൂര്യന്റെ വരവും കാത്ത് ഒരു നവവധുവിനെ പൊലെ നാണത്താൽ തല താഴ്ത്തി നിൽക്കുന്ന പുൽക്കണത്തെ ചുമ്പിക്കാൻ കൊതിയോടെ എത്തുന്ന പുൽചാടികളെയും, മണമേറും പൂവിൻ മധു നുകരാൻ എത്തുന്ന ചിത്രശലഭങ്ങളെയും.. ആകാശത്തെ സ്നേഹിക്കുന്ന വാനമ്പാടികളെയും കാണാൻ അവൾ വിനയന്റ നാട്ടിലേക്ക് പോകാൻ അവനോട് ആവശ്യപ്പെട്ടു.
അവന്റെ അഗ്രഹവും അത് തന്നെ ആയിരുന്നു നഷ്ട്ടമായ
തന്റെ തറവാട് തിരികെ വാങ്ങി കൊണ്ടാണ് അവൻ നാട്ടിൽ എത്തിയത്.

വിനയന്റെ തിരിച്ചുവരവോടെ  നഷ്ട്ടമായവസന്തം കണികൊന്നകൾക്കും തിരികേ കിട്ടി.... അവനെ വരവേൽക്കാനായി അവയും പൂത്ത് നിന്നു..

ഐശ്വര്യത്തിന്റെ പ്രതീകമായ പൂക്കൾ പൂത്ത് കൊണ്ടു തന്നെയിരുന്നു. സീത ഗർഭിണിയായി ... അങ്ങനെ ഒരു വിഷുദിന പിറവിയൽ രോഹിണി നക്ഷത്രത്തിൽ അവർക്കും പിറന്നു ഒരു കള്ള കൃഷ്ണൻ.. തേജ്വസ്സോടുള്ള കണ്ണുകളോടെ... വശ്യമാർന്ന ചിരിയോടു കൂടി... അവൻ പിന്നെയും ആ മുറ്റം നിറയേ ഒരായിരം പൂക്കൾ വിരിയിച്ചു...

മൂന്ന് വർഷത്തോളമായി തങ്ങൾ കാത്തിരുന്ന അവനെ കിട്ടിയ സന്തോഷത്തിൽ അവർ മതി മറന്നു.. ഉണ്ണി എന്ന പേരിൽ അവൻ വളർന്നു ഒരു കള്ള കണ്ണനായി...

കൊഴിയാത്ത പൂക്കൾപ്പോലെ കൃഷ്ണൻ അവരെ പിന്നെയും അനുഗ്രിച്ചു ഉണ്ണിയ്ക്ക് ഒരു കൂട്ടായി ഒരു സുന്ദരി മോളുകൂടെ ജനിച്ചു.. കണ്ണന്റെ ഭക്തയായി... കണ്ണന്റെ കഴുത്തിലെ മാലയായി തീർന്ന മഞ്ജുളയായി അവളും വളർന്നു.

പിന്നെയും കണി കൊന്നകൾ പൂത്തു കൊണ്ടെയിരുന്നു കൊന്നകൾ പൂക്കാൻ കൊതിക്കുന്ന വിഷുകാലവും വന്നെത്തി... വിഷുവിന് വിശേഷങ്ങൾ രണ്ടാണ്..

ഇന്ന് ഉണ്ണിയുടെ 5ാം ജന്മദിനമാണ് .ജന്മദിനമാണ് .ഇരുവർക്കും പുത്തനുടുപ്പും ഉണ്ണിയ്ക്ക് ജന്മദിന സമ്മാനങ്ങളുമായി അപ്പുപ്പനും അങ്കിൾമാരും കുടുമ്പക്കാരുമൊക്കെ വന്നെത്തി.

ഒരു ഉത്സവതിമിർപ്പെന്ന പോലെ ആഘോഷങ്ങളായി.. തോരണങ്ങൾ തൂക്കി വീടു മുഴുവൻ അലങ്കരിച്ചു.

വിഷുദിനത്തെ വരവേൽക്കാൻ കൊന്ന പൂക്കളും തയ്യാറായി അതിൽ നിന്നും പൂക്കളെടുത്ത് അപ്പുപ്പൻ കണിയും ഒരുക്കി...
' അതിരാവിലെ തന്നെ അപ്പുപ്പൻ ഉണ്ണിയുടെ കണ്ണുകൾ പൊത്തി പൂജ മുറിയിൽ ഒരുക്കിയ കണികാട്ടുവാൻ കൊണ്ടു പോയി ഭക്തി സാന്ദ്രമായ നിമിഷങ്ങൾ അവൻ ആ കുഞ്ഞു കൈകൾ കൂപി കണ്ണനെ വണങ്ങി. അപ്പുപ്പൻ അവന് ഒരു സ്വർണ്ണനാണയം കൈ നീട്ടമായി നൽകി... ജന്മദിനാശംസകളും നേർന്നു..

വേഗം തന്നെ അമ്മ അവനെ കുളിപ്പിച്ച് അപ്പുപ്പന്റെ സമ്മാനമായ കസവിന്റെ കുഞ്ഞുമുണ്ടും നാടനും അണിഞ്ഞ് അവൻ അപ്പുപ്പനൊടൊപ്പം ക്ഷേത്രത്തിലേക്ക് യാത്രയായി...

കണികൊന്നകൾ കൊണ്ടൊരു തുലാഭാരവും അർച്ചനകളും നടത്തി നെറ്റിയിൽ കുറിയുമണിഞ്ഞ് മടങ്ങാൻ നേരം അച്ഛനും അമ്മയും മഞ്ജുളയും കൂടി അവിടെയെത്തി എല്ലാവരും അവന് ജന്മദിനാശംസകൾ നേർന്നു.മഞ്ജുള അവന്റെ കവിളത്ത് പിറന്നാൾ സമ്മാനമായി ഒരു മുത്തം നൽകി കൊണ്ട് പറഞ്ഞു

.''ഹാപ്പി ബെർത്ത് ഡേ ഏട്ടാ.''

അവൻ ചിരിയോടെ നന്ദി സൂചകമായി അവളുടെ നെറ്റിയിൽ ചന്ദന൦ ചാർത്തി....

പിന്നിട് എല്ലാവരും ഒരുമിച്ച് വീട്ടിലേക്ക് മടങ്ങി.. പ്രഭാത ഭക്ഷണവും കഴിച്ച് എല്ലാവരും പല പല ജോലികളിൽ മുഴുകി പെണ്ണുങ്ങൾ ഉച്ചയൂണിന്റെ ഒരുക്കത്തിനായി അടുക്കളയിൽ കയറി...

കൊന്നമരത്തിൽ കെട്ടിയിരുന്ന ഊഞ്ഞാലിൽ മഞ്ജുവും കൂട്ടുകാരും ആടി കൊണ്ടിരുന്നു'....

സദ്യക്കുള്ള വട്ടങ്ങളെല്ലാം തയ്യാറായായി... എല്ലാവരും ഊണുകഴിക്കാൻ വന്നു...

ഉണ്ണിയേ മാത്രം അവിടെയെങ്ങും കണ്ടില്ലാ....

സീത അവനെയും നോക്കി പുറത്തേക്ക് ഇറങ്ങി ഊഞ്ഞാലിൽ ആടികൊണ്ടിരുന്ന മഞ്ജുവിനോട് അവൾ ചോദിച്ചു...

ഉണ്ണി എന്തേ....

കണ്ടില്ല... എട്ടൻ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നില്ലാ..

ഉ൦... ശരി ..നി കളിയൊക്കെ മതയാക്കി നി അകത്തേക്കു കയറു ...മഞ്ജുനെ ശകാരിച്ചു കൊണ്ടവൾ ഉണ്ണിയെ ഉറക്കെ വിളിച്ചു ..

" ഉണ്ണി............... ഉണ്ണി............

നീ എവിടെയാ ....
ഊണു കഴിക്കാൻ നേരമായി കളിയൊക്കെ മതിയാക്കി വാ.....

എത്ര വിളിച്ചിട്ടു൦ അവൻ വിളി കേട്ടില്ലാ ...മുറ്റത്തെവിടെയു൦ അവനെ കാണനുമില്ലാ ....

കണിക്കൊന്നകൾ പൂത്ത് നിൽക്കുന്ന ആ മുറ്റത്തു കൂടി അവൾ അവനെ വിളിച്ച് അലഞ്ഞു കൊണ്ടെയിരുന്നു ..സങ്കടവു൦ ദേഷ്യവു൦ ആയിരുന്ന അവൾക്കു തല ചുറ്റുന്നതായി തോന്നി .. അവൾ ആ കൊന്ന മരത്തിൽ ചാരി നിന്നു ..
പുറകിൽ നിന്നു൦ ഒരു കൈ താങ്ങായി വിനയൻ അവളുടെ അടുത്തെത്തി ....

എന്തു പറ്റീ അവൻ പരിഭ്രമത്തോടെ ചോദിച്ചു ...

ഉണ്ണിയെ ... ഉണ്ണിയെ ഇവിടെങ്ങു൦ കാണാനില്ല..

കാണനില്ലെന്നൊ .... അവൻ എവിടെ പോകാൻ ഇവിടെ വല്ലയിടത്തു൦ കാണു൦ ..നീ വിഷമിക്കാതെ ..
ഞാൻ ഒന്നു നോക്കട്ടേ....

ഇല്ല... ഞാൻ എല്ലായിടത്തും നോക്കി അവനില്ല ... ഇവിടെങ്ങും.. അവൾ പൊട്ടി കരഞ്ഞു....

വിനയേട്ട നമ്മുടെ മോൻ...

നീ വിഷമിക്കാതെ നമുക്ക് നോക്കാം... ആശ്വാസവാക്കുകളോടെ വിനയൻ അവളെ നെഞ്ചോടു ചേർത്തു ...

സീതയുടെ കരച്ചിൽ കേട്ട് അകത്ത് നിന്നും അച്ഛനും അമ്മയും ഓടിയെത്തി...

എന്തു പറ്റി വിനയാ ...

അച്ഛൻ പരിഭ്രമത്തോടെ ചോദിച്ചു..
മറുപടി പറയും മുന്നേ വിനയൻ അച്ഛന്റെ കൈ പിടിച്ചു മുന്നോട്ട് നടന്നു.. പരിഭ്രമവും.. ദു:ഖവും നിറഞ്ഞ മനസ്സോടുകൂടി അവർ നടന്നു... അടുത്തെങ്ങും ആൾ താമസവും ഇല്ല.. പറമ്പിൽ ഒരിടത്തും അവനില്ല..

കൊന്നമരങ്ങൾക്കിടയിലൂടെ അവർ പുറക വശത്തുള്ള കാവിലേക്കു നടന്നു... നടക്കുന്ന വഴിയിൽ അച്ഛൻ പിറന്നാൾ സമ്മാനമായി അവനു നൽകിയ ഹെലികോപ്ററ്ററിന്റെ പെട്ടി കിട്ടി.. ..

വിനയൻ ആശ്വാസത്തോടെ നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു..

അവൻ ഇവിടെയുണ്ട്...

കുറച്ചുക്കുടി മുന്നാട്ട് നടന്നപ്പോൾ അതിന്റെ റിമോർട്ട് കൺട്രോൾക്കുടേ അവനു കിട്ടി...

അവന്റെ മനസ്സിൽ പരിഭ്രമമായി...

ഉണ്ണി.... ഉണ്ണി.....
അവൻ വിളിച്ചു കൊണ്ടെയിരുന്നു.....

പക്ഷേ'.. ഉണ്ണിയേ അവിടെങ്ങും കണ്ടതുമില്ല... അവൻ തിരകേ നടക്കാനൊരുങ്ങിയപ്പോൾ കാവിന്റെ കവാടത്തെ ഒരു പറ്റം പുല്ലുകൾ വകഞ്ഞു. മാറ്റിയതായി കണ്ടു...

അവൻ അങ്കലാപ്പോടെ അതിനുള്ളിലേക്ക് പ്രവേശിച്ചു.. താഴെ വീണ കിടക്കുന്ന ഹെലികോപ്റ്റർ അവന്റെ ശ്രദ്ധയിൽ പെട്ടു... അവൻ അതു കൈലെടുത്ത് മുന്നോട്ട് നടന്നു.. അവനോളം ഉയരമുള്ള ആ പല്ലുകൾ വകഞ്ഞു മാറ്റി.... കാൽ മുന്നോട്ട് വെച്ചപ്പോൾ എന്തോ തട്ടിയതായി അവനു തോന്നി... മൂടിയിരുന്ന പുല്ലുകൾ മാറ്റിയവൻ നോക്കിയപ്പോൾ തന്റെ കഞ്ഞോമനയുടെ കാലുകൾ അവൻ കണ്ടു. അവനിലൂടെ ഒരു മിന്നൽ കടന്നു പോയി... ബോധരഹിതനായി കിടക്കുന്ന ഉണ്ണിയേ കോരിയെടുത്തു..

" അച്ഛാ....................

നമ്മുടെ മോൻ...........

അവന്റെ വാക്കുകൾ അവനു മുഴുവിപ്പിക്കാൻ കഴിഞ്ഞല്ലാ....
അവൻ അതിനുള്ളിൽ നിന്നും പുറത്തേക്ക് ഇറങ്ങി കാർ ലക്ഷ്യമാക്കി ഓടി......

ഈ ദൃശ്യം കാണുന്നതിനു മുൻപേ സീത ബോധരഹിതയായി...

അവർ കാറിനകത്തേക്ക് കയറി...അതിവേഗം കാർ ഓടിച്ചു.. 6. കിലോമീറ്റർ അകലെ ആയിരുന്നു ഹോസ്പിറ്റൽ... കഴിയുന്നതിനേക്കാൾ വേഗത്തിൽ അവർ അവിടെയെത്തി... ഉടൻ തന്നെ അറ്റൻഡർ സ്ട്രക്ചറുമായി വന്നു.. .. അതിൽ കിടത്തി വേഗം തന്നെ ക്യാഷ്വാലിറ്റിയിൽ ..

ഡോക്ടർ വന്നു....

അവനെ പരിശോദിച്ച ശേഷം പുറത്തേക്കിറങ്ങി...

ഡോക്ടറുടെ മുഖത്ത് നിരാശയുടെ ഭാവം നിഴലിച്ചു നിന്നു.....

" അം........ സോ....... റി.........''

ഡോക്ടർ തന്റെ വാക്കുകൾ അവസാനിപ്പിച്ചു കൊണ്ട് ആ കോറിഡോറിലൂടെ നടന്നകന്നു..

വിനയൻ എന്തു ചെയ്യണമെന്നറിയാതെ നിർവികാരഭാവത്തിൽ നിന്നു...

അച്ഛൻ ഉറക്കേ നിലവിളിച്ചു....

അവനെ ആരുപത്തിൽ കാണാൻ ആ വയോധികനു സാധിച്ചില്ല.....
അദ്ദേഹം ഹൃദയം തകർന്ന് ആ വരാന്തയിൽ വീണു....

പോസ്റ്റ്മോർട്ടം കഴിഞ്ഞ് വിഷം തീണ്ടിയതാണെന്ന് ഡോക്ടർമാർ വിധിയെഴുതി....

വിനയന്റെ കണ്ണിൽ നിന്നും പൊഴിഞ്ഞ ആ രക്ത തുള്ളികൾക്ക് മാത്രം ചലനമുണ്ടായി...

നിമിഷങ്ങൾക്കകം തങ്ങൾ ലക്ഷ്യസ്ഥാനത്തെത്തി എന്നു കരുതിയിരുന്ന വിനയന് ആ സ്ഥലത്തു നിന്നും വീട്ടിലേക്കുള്ള ദൂരം യഥാർത്ഥ ദൂരത്തേക്കാൾ കൂടുതലായി തോന്നി...

.'' പൂത്തുലഞ്ഞ് നിന്നിരുന്ന ആ കൊന്നമരങ്ങൾക്കിടയിലൂടെ വെളുത്ത നിറമുള്ള ആ വാഹനം ചുവന്ന നിറമുള്ള ത്രിക്കണ്ണും ചിമ്മി കരഞ്ഞുകൊണ്ട് അകത്തേക്ക് കയറി...

മകനെ നഷ്ടമായ ഒരു അമ്മയുടെ വേദന പറഞ്ഞറിയക്കാൻ വയ്യാ....

''പൂക്കുലയിൽ നിന്നും അടർന്നുവീണ് ' മണ്ണോടലിയുന്ന പൂക്കൾപ്പോലെ നീ എന്തിനെൻ കുലയിൽ നിന്നും അവനെ അടർത്തിയെടുത്തു..''

ആ അമ്മയുടെ വേദന ദൈവത്തോടുള്ള പരിഭവമായി മാറി....

കരഞ്ഞു തളർന്നിരുന്ന സീത ആ ശബ്ദം കേട്ടതും.... അലറി പുറത്തേക്ക് ഓടി...

ആ അമ്മയുടെ കണ്ണിൽ നിന്നും ആണപ്പൊട്ടിയൊഴുകന്ന ആ കണ്ണുനീർത്തുള്ളികൾ അഗ്നിഭാണങ്ങളായി .. ഭൂമിയിൽ പതിഞ്ഞു...

''പിന്നീടോരിക്കലും അത് വഴി വസന്തം വന്നില്ല .....

കണികൊന്നകൾ പൂത്തതുമില്ല.........''


No comments:

Post a Comment

മൃതസഞ്ജീവിനിക്കായ്..... ഷിമോഗയിലേക്ക്..... (cancer medicine in shimoga)

ഒരു പക്ഷേ ഇത് ഒരു നിയോഗമാകാം.. ചില യാത്രകൾക്ക് ചില പ്രത്യേക ലക്ഷ്യങ്ങൾ കാണും... മൃതസഞ്ജീവിനിക്കായ്..... ഷിമോഗയിലേക്ക്..... ഞണ്ടുക...